Tuesday, November 10, 2009

ഒരു ട്യൂഷന്‍ ക്ലാസ്സിന്റെ ഓര്‍മ....

പണ്ടെല്ലാം വല്യ സ്കൂള്‍ പൂട്ടല്‍ അഥവാ "സമ്മര്‍ വെക്കേഷന്‍" ഒരു ആഘോഷം ആയിരുന്നു എല്ലാ പിള്ളേര്‍ക്കും. എനിക്കും .. പക്ഷെ സുലോചന ചേച്ചിയും , രവി ചേട്ടനും ആ നാട്ടില്‍ വരുന്ന വരെ. ആരാ അവര്‍ ? ഭാരതി ചേച്ചിയുടെ ലൈന്‍ കെട്ടിടത്തില്‍ താമസിക്കുന്ന അവര്‍ ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി ... അവര്‍ അതിനു നല്ല പ്രചാരണവും കൊടുത്തു . നമ്മുടെ അച്ഛന്‍ അമ്മ എല്ലാം ഇങ്ങനെ ഒരു കാര്യം കിട്ടാന്‍ വേണ്ടി കാത്തിരിക്കുക അല്ലെ ? വേറെ എന്നാ വേണം ? എന്നെയും കൊണ്ടുപോയി ചേര്‍ത്തു... കഷ്ട കാലം എന്നല്ലാതെ എന്നാ പറയാന്‍ ???? --- ആ കഥ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ പുനര്‍ജനിക്കുന്നു .....
ഞാന്‍ അന്ന് മൂന്നിലോ നാലിലോ പഠിക്കുന്ന കാലം .. ഔദ്യോഗികം ആയി എന്നെ ട്യൂഷന്‍ ചേര്‍ത്തു. കൂട്ടിനു എന്റെ ചേച്ചിയും ഉണ്ട്. രാവിലെ ഏഴു മുപ്പതു മുതല്‍ എട്ടു മുപ്പതു വരെ ഒരു സ്ലോട്ട് . പിന്നെ നേരെ സ്കൂളിലേക്ക് ... അവിടത്തെ കറക്കികുത് കഴിഞ്ഞു വീണ്ടും വൈകിട്ട് ട്യൂഷന്‍. അഞ്ചു മണി മുതല്‍ ആറു മണി വരെ. എന്റെ നല്ല കാലം നോക്കണേ നാട്ടുകാരെ..
ഇത്ര മാത്രം ട്യൂഷന്‍ എന്റെ മേല്‍ അടിച്ചേല്പിക്കാന്‍ ഞാന്‍ അത്ര മണ്ടന്‍ ആയിരുന്നോ ? എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ വീട്ടിലെ ശല്യം ഒഴിവാക്കാന്‍ കണ്ട ഒരു വഴി ആയിരിക്കും. എന്തായാലും ആ ട്യൂഷന്‍ എന്നെ സഹായിച്ചിട്ടേ ഉള്ളു, അത് ഞാന്‍ ഉറപ്പു പറയാം.
ഒരു വലിയ ഹാളും , അടുക്കളയും ചേര്‍ന്നതാണ് അവരുടെ വാടക വീട്. രാവിലെ ഏഴര ആകുമ്പോഴേക്കും പിള്ളേര്‍ കൂട്ടം എത്തുകയായി .. നിലത്തു വിരിച്ച പായയില്‍ ആണ് എല്ലാവരും ഇരിക്കുക. രവി ചേട്ടന്‍ ഞങ്ങളെ എല്ലാവരെയും നോക്കും. സുലോചന ചേച്ചി , പിള്ളേരുടെ അടുത്തും , അടുക്കളയിലും മാറി മാറി പണി എടുക്കും. തല്ലാനും , പിച്ചാനും ബഹു മിടുക്കി ആണ് സുലോചന ചേച്ചി. രവി ചേട്ടന്‍ അത്ര അങ്ങ് പോര, എന്നാലും പേനയുടെ തുമ്പും , തുടയിലെ മാംസവും ചേര്‍ത്തു ഒരു പിടി ചിലപ്പോള്‍ പിടിക്കും.. എല്ലാ ലോകവും നമ്മള്‍ കാണും. !!!! വീട്ടില്‍ ചെന്ന് എത്ര പരാതി പറഞ്ഞാലും ഒരു കാര്യവും ഇല്ല. ട്യൂഷന്‍ പോയില്ലെങ്ങില്‍ എന്തെക്കെയോ സംഭവിക്കും എന്നാണവരുടെ ഭാവം. നമ്മുടെ വിധി എന്നല്ലാതെ എന്ത് പറയാന്‍.
അങ്ങിനെ ഈ പരിപാടി അന്തമില്ലാതെ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ജീവിതം തന്നെ ട്യൂഷന്‍ - ക്ലാസ്സ്‌ - ട്യൂഷന്‍ - ഉറക്കം എന്ന Infinite ലൂപില്‍ അങ്ങിനെ നീങ്ങി കൊണ്ടിരുന്നു. അന്നൊക്കെ ടി വി എന്ന സാധനം ഉണ്ടായിരുന്നെ ഇല്ല. ആകെ ഒരു റേഡിയോ ആയിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അതിനാല്‍ ആ വഴി ഉള്ള entertainment ഉണ്ടായിരുtന്നെ ഇല്ല. വീണ്ടും ട്യൂഷന്‍ കഥ ...
വല്യ സ്കൂള്‍ പൂട്ടലിനു ആകെ 15 ദിവസം ആണ് ശരിക്കും ആഘോഷം ഉണ്ടായിരുന്നത്. അതായതു വിഷു വരെ. വിഷു കഴിഞ്ഞാല്‍ നേരെ ട്യൂഷന്‍ തുടങ്ങുകയായി. വിഷുവിന്റെ തലേ ദിവസം വരെ ആകെ അടിപൊളി ആയിരിക്കും. വിഷു ദിവസം രാവിലെ പടക്കം പൊട്ടിച്ചു കഴിയുമ്പോള്‍ രണ്ടു സങ്കടം ആണ് മനസ്സില്‍ വരിക. ഒന്ന് , എല്ലാ പടക്കവും തീര്‍ന്നല്ലോ എന്ന്.. രണ്ട്‌ , നാളെ മുതല്‍ ട്യൂഷന്‍ തുടങ്ങുമല്ലോ എന്നും.. !!!
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള portion ആയിരിക്കും ട്യൂഷന്‍ എടുക്കുക. അവരുടെ കൈയില്‍ എല്ലാ പുസ്തകവും ഉണ്ടാവും. ഏപ്രില്‍ മാസത്തെ കൊടും ചൂടിനെ ചെറുക്കാന്‍ ചിലപ്പോള്‍ ട്യൂഷന്‍ ക്ലാസ്സ്‌ അടുത്ത പറമ്പിലെ വലിയ മാവിന്‍റെ ചുവട്ടിലേക്ക്‌ മാറ്റും. ഉച്ചക്ക് മൂന്നു മണിക്കെല്ലാം വയ്ക്കുന്ന ട്യൂഷന്‍ ആയിരിക്കും മാഞ്ചോട്ടില്‍. ഈ മാഞ്ചോട്ടില്‍ ഉള്ള ട്യൂഷന്‍ ആണ് ഏറ്റവും ഹൃദയ ഭേദകം.. എന്താന്ന് വച്ചാല്‍ തൊട്ടപ്പുറത്തെ പാടത്തു ജിജോ കുട്ടനും ( എന്റെ സ്കൂളിലെ സഹ പഠി ) കൂട്ടുകാരം പൊരിഞ്ഞ ilകളി ആയിരിക്കും.. നമ്മുടെ ശ്രദ്ധ ട്യൂഷന്‍ നില്‍ക്കുമോ അതോ കളിയില്‍ നില്‍ക്കുമോ.. ?? നിങ്ങള്‍ പറയു ഉത്തരം ... :-(

ഏതോ ഒരു ഏപ്രില്‍ മാസത്തില്‍ ആണ് ഇംഗ്ലീഷ് പഠനം തുടങ്ങുന്നത് ... മൂന്നിലോ , നാലിലോ ആണെന്നാണ് എന്‍റെ ഓര്‍മ. ഇംഗ്ലീഷ് അക്ഷരം എല്ലാം കഴിഞ്ഞു. പിന്നെ പറഞ്ഞു തന്നത് ജനുവരി , ഫെബ്രുവരി ആണ്. ഈ മാസങ്ങള്‍ പറഞ്ഞു തന്ന അന്ന് ഞാന്‍ സുലോചന ചേച്ചിയോട് പറഞ്ഞു , നാളെ ഞാന്‍ ഉണ്ടാവില്ല , അമ്മയുടെ വീട്ടില്‍ പോകും , രണ്ട്‌ മൂന്നു ദിവസം കഴിഞ്ഞേ വരൂ എന്ന്.. പൊക്കോ , പക്ഷെ തിരിച്ചു വന്നിട്ട് ഈ മാസങ്ങള്‍ എല്ലാം കാണാതെ എഴുതി കാണിക്കണം എന്ന് ഒരു കണ്ടീഷന്‍ സുലോചന ചേച്ചി വച്ചു. അമ്മാത്ത് പോണ സന്തോഷത്തില്‍ ഞാന്‍ കണ്ണും പൂട്ടി അങ്ങ് സമ്മതിച്ചു... എന്റമ്മോ.... അത് വരുത്തിയ വിന !!!
അമ്മാത്തെ അടിച്ചു പൊളിയില്‍ എന്ത് ജനുവരി , ഫെബ്രുവരി ??? വീട്ടിലേക്കു തിരിച്ചു പോകേണ്ട സമയം ആയപ്പോളേക്കും ടെന്‍ഷന്‍ ആയി തുടങ്ങി... ഒന്നും പഠിച്ചിട്ടില്ല .. നാളെ ചെന്നാല്‍ സുലോചന ചേച്ചി എന്‍റെ പരിപ്പ് എടുക്കും... ഉറപ്പാണ്‌... അമ്മ വീട്ടില്‍ തന്നെ നില്കാനുള്ള ചെറിയ ശ്രമം നടത്തി നോക്കി... പക്ഷെ ഭലിച്ചില്ല.. ഒരു ഫ്ലോപ്‌ ഷോ ആയി അത്... എന്‍റെ വിഷമം ആരോട് പറയാന്‍ ??


പിറ്റേ ദിവസം ... ട്യൂഷനു പോകാനുള്ള സമയം ആയി... വല്ലാത്ത വയറു വേദന... ഒരു രക്ഷയും ഇല്ല.. അമ്മയോട് പറഞ്ഞു.. പോടാ ചെക്കാ .. എന്നുള്ള മറുപടി അല്ലാതെ വേറെ ഒന്നും ഇല്ല... ആ അടവും പിഴച്ചു... ഇനി പോകാതെ നോ രക്ഷ... ചെന്നു... സുലോചന ചേച്ചി ഉണ്ട്... രവി ചേട്ടന്‍ ഇല്ല..

"എല്ലാം പഠിച്ചല്ലോ ? "
"ഹ്മ്മം .. ഉവ്വ .."
" ശരി... എന്നാ കാണാതെ എഴുതിക്കോ..കയ്യിലെ ബുക്ക്‌ ഇങ്ങു താ.. ഇവിടെ മാറ്റി വച്ചേക്കാം... "
കൊടുത്തു... നോക്കി എഴുതാം എന്ന പ്രതീക്ഷയും അസ്തമിച്ചു... ഒരു പേപ്പറും പേനയും തന്നു... സുലോചന ചേച്ചി എന്നിട്ട് അടുക്കളയിലേക്കു പോയി... ഞാന്‍ ആണെങ്ങിലോ അവിടെ ഇരുന്നു വിയര്‍ക്കനും തുടങ്ങി,,, ആദ്യത്തെ മാസം ജനുവരി ആണെന്നറിയാം... അത് എങ്ങിനെ എഴുത്തും ?? സ്പെല്ലിംഗ് എന്താ ?? ഇനി അത് എങ്ങിനെയെങ്ങിലും എഴുതിയാലും അടുത്ത മാസം ഏതാ ? നവംബര്‍ ? ഓഗസ്റ്റ്‌ ? എല്ലാം ഒരു പുക മയം....ദൈവമേ ... രക്ഷിക്കണേ എന്ന പ്രാര്‍ത്ഥന മാത്രം .... ഒരു വഴിയും തെളിയുന്നില്ല.. ഇന്ന് അടി കൊണ്ട് എന്‍റെ തുട പൊളിയും... ഉറപ്പാണ്‌...
അതാ... ഒരു കച്ചി തുരുമ്പു കിട്ടി എനിക്ക്... അവിടെ മേശമേല്‍ ഒരു കലണ്ടര്‍ ... അതില്‍ എല്ലാ മാസങ്ങളും... എനിക്കിതു മതി.. നേരെ ആ മാസങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എന്‍റെ പേപ്പറില്‍ എത്തി...

"സുലോചന ചേച്ചി ... കഴിഞ്ഞു ... "
"ഇത്ര പെട്ടന്നോ... ?"
"അതെ .."
"ശരി .. നോക്കട്ടെ ... "
നോക്കിയപ്പോള്‍ ഒന്നില്ലാതെ എല്ലാം പെര്‍ഫെക്റ്റ്... ഒരു ചെറിയ തെറ്റ് പോലും ഇല്ല കണ്ടുപിടിക്കാന്‍... സുലോചന ചേച്ചിക്ക് സംശയം... ഇങ്ങനെ വരാന്‍ വഴി ഇല്ലല്ലോ...

"എല്ലാം കാണാതെ ആണല്ലോ എഴുതിയത്... ??? "
"അതെ ...."
"ഹ്മ്മം.. "
"ഒന്നുകൂടി എഴുതു.. ഇവിടെ ഇരുന്നു വേണ്ട.. ആ അടുക്കള ഭാഗത്ത് ഇരുന്നു എഴുതു... "
ദൈവമേ... പണി പാളി... ശരിക്കും പാളി.... വീണ്ടും പേപ്പറും പേനയും എന്‍റെ കയ്യില്‍.. ഞാന്‍ ആകെ വിയര്‍ക്കാന്‍ തുടങ്ങി... സുലോചന ചേച്ചി ആരാ മോള്‍... എന്‍റെ കള്ളി കയ്യോടെ പിടിച്ചു... ഞാന്‍ പുതിയ സ്ഥലത്ത് ഇരുന്നു ആകെ പുകയാന്‍ തുടങ്ങി... ജനുവരി പോയിട്ട് ജ പോലും വരുന്നില്ല... അര മണിക്കൂര്‍ കഴിഞ്ഞു... ഔട്പുട്ട് സീറോ തന്നെ...
"കഴിഞ്ഞോ ?? "
"ഇ ഇ ഇ ഇല്ല ....."
"????""അപ്പൊ നേരത്തെ എഴുതിയിട്ട് ??? ഇപ്പൊ എന്താ പ്രശ്നം ??? "
".........."
"അപ്പൊ നോക്കി എഴുതിയത് ആണല്ലേ ??"
"........."
" എവിടെ നോക്കിയാ എഴുതിയെ ??? പറ .. "
"..........."
"വേഗം പറ... "
".... അവിടെ .. അവിടെ കലണ്ടറില്‍ നോക്കി... "
" !!!!! "
പിന്നത്തെ കാര്യം ഇവിടെ മെന്‍ഷന്‍ ചെയ്യാന്‍ എനിക്ക് വാക്കുകള്‍ ഇല്ല... അടിയുടെ പൂരം പൊടിയരി കഞ്ഞി... എന്റമ്മോ ..... അടി കൊണ്ട് എന്‍റെ തുട പൊട്ടി....
-- ശുഭം ----

Monday, May 18, 2009

വീണ്ടും ഒരു തുടക്കം ......

ഏകദേശം ഒരു കൊല്ലത്തെ ഇടവേള ... എന്താ ഞാന്‍ ബ്ലോഗിങ്ങ് ചെയ്യാതിരുന്നത് ? ആകെ മൊത്തം തിരക്കിലായിരുന്നു എന്ന് തോന്നുന്നു.... വീണ്ടും കുറെ പുറകിലേക്ക് പോകാം............

പെരുമ്പാവൂര്‍ കോയമ്പത്തൂര്‍ യാത്ര ........

ഈ സംഭവം നടക്കുന്നത് ഏകദേശം ആറു വര്‍ഷം മുന്‍പാണ് . ഞാന്‍ കൊച്ചിയില്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി യില്‍ ജോലി ചെയ്യുന്ന സമയം. തെക്കേ ഭാരതം മുഴുവന്‍ തെണ്ടേണ്ട ജോലിയും എനിക്കുണ്ടായിരുന്നു ... ബി എസ് എന്‍ എല്‍ നു വേണ്ടിയുള്ള ടെലിഫോണ്‍ ബില്ലിംഗ് സപ്പോര്‍ട്ട് ആയിരുന്നു പണി. ഓരോരോ കസ്റ്റമര്‍ സൈറ്റിലും പോയി സപ്പോര്‍ട്ട് ( എന്റമ്മോ !! ഓര്‍ക്കാന്‍ വയ്യ ) ആയിരുന്നു . അന്നത്തെ എന്റെ ഊഴം കോയമ്പത്തൂര്‍ ബി എസ് എന്‍ എല്‍ ആയിരുന്നു. രാവിലെ വീട്ടീന്ന് ഇറങ്ങിയാല്‍ മതി. ഒരു കോട്ടയം - കോയമ്പത്തൂര്‍ ബസ്സ് 7 മണി ആകുമ്പോള്‍ പെരുമ്പാവൂര്‍ പാസ്‌ ചെയ്യുന്നത് കണ്ടിട്ടുണ്ട് . എന്നാ അതിന് പോകാം എന്ന് കരുതി.

ബാഗ്‌ എല്ലാം പായ്ക്ക് ചെയ്തു വച്ചു. രാവിലെ ആറ് നാല്പത്തി അഞ്ചു ആയപ്പോള്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തി ബസ്സ് നോക്കി നോക്കി നിന്നു. അതാ...ഒരു സൂപ്പര്‍ ഫാസ്റ്റ് ശകടം വരുന്നു.... ബോര്‍ഡ്‌ നോക്കി.. അതെ... കോയമ്പത്തൂര്‍ തന്നെ... പെരുമ്പാവൂര്‍ കെ എസ് ആര്‍ ടി ബസ്സ് സ്റ്റാന്റ് ഒരു വട്ടത്തിലുള്ള ബില്‍ഡിംഗ്‌ ആണ്... ബസ്സ് ഒരു സൈഡ് വഴി കയറി ഈ വട്ടം മുഴുവന്‍ചുറ്റി വീണ്ടും സ്ടന്റിന്റെ മുന്‍പില്‍ നിക്കും ... ഇവിടെ ഞാന്‍ കണ്ടിരിക്കുന്ന ഒരു പ്രതിഭാസം വണ്ടി സ്റ്റാന്‍ഡില്‍ കയറി വട്ടം ചുറ്റാന്‍ തുടങ്ങുമ്പോഴേക്കും ആള്‍ക്കാരും വണ്ടിയുടെ പുറകെ വട്ടം ചുറ്റാന്‍ തുടങ്ങും ..... ഒന്നു രണ്ടു തവണ ഞാനും ചുറ്റി .... അതൊരു കഥ... പിന്നെ ഞാന്‍ അടവ് ഒന്നു മാറ്റി... വണ്ടിയുടെ പുറകെ ഓടാതെ എതിര്‍ ദിശയില്‍ ഓടും.. അപ്പൊ നേരെ വണ്ടിയുടെ മുന്‍പില്‍ എത്തും... നേരത്തെ ഓടിയ ചേട്ടന്മാരും ചേച്ചിമാരും അപ്പൊ ക്ഷീണിച്ച് ഓടി എത്തുന്നത്തെ ഉണ്ടാകു...

അന്ന് എനിക്ക് സീറ്റ് കിട്ടി. കോയമ്പത്തൂര്‍ ടിക്കറ്റ്‌ എടുത്തു. തൃശൂര്‍ വരെ ഒന്നു മയങ്ങുകയും ചെയ്തു. തൃശ്ശൂരില്‍ ഈ സാധനം നേരെ സ്റ്റാന്‍ഡില്‍ കേറി ... ഞാന്‍ ഓര്ത്തു ... ഇവിടെ അഞ്ചു മിനിട്ട് കാണും , ഒന്നു "ഒന്നിന്" പോയി വന്നേക്കാം ... ബാഗ്‌ സീറ്റില്‍ റിസര്‍വ്‌ ചെയ്തു വച്ചു നേരെ പുറത്തേക്കിറങ്ങി .... ആ "സ്ഥലത്തു" നല്ല തിരക്ക്... പണ്ടു ആ "സ്ഥലം" സ്ടന്റിന്റെ നേരെ മുന്‍പില്‍ ആയിരുന്നു... ബസും , ആള്‍ക്കാരെയും കണ്ടുകൊണ്ടു കാര്യം സാധിക്കാമായിരുന്നു....
അങ്ങിനെ കാര്യം സാധിച്ചു..... തിരിച്ചു നേരെ വണ്ടി കിടക്കുന്ന ഇടത്തു ചെന്നപ്പോള്‍ ... വണ്ടി അവിടെ ഇല്ല !!!!!!....... ദൈവമേ പണി ആയോ ???? ഒന്നു അവിടെ എല്ലാം നോക്കി... നഹി നഹി... ഗാടി നഹി ...ഇതു പണി ആയി... നേരെ സ്ടന്റിന്റെ പുറകിലേക്ക് ഓടി... വണ്ടിയുടെ പൊടി പോലും കാണാനില്ല... അത് നേരെ വിട്ടു പിടിച്ചു കാണും....
ഇനി എന്താ ചെയ്യാ ??? ഒന്നു ആലോചിച്ചു നോക്കി... അടുത്ത വണ്ടിക്കു കയറി ആ കോട്ടയം - കോയമ്പത്തൂര്‍ ബസ്സ് ഫോളോ ചെയ്യുക... അതല്ലാതെ മാര്‍ഗം ഒന്നും തെളിയനില്ല.... എന്റെ ബാഗ്‌ കിട്ടാതെ ഒരു കാര്യവും നടക്കില്ല...നേരെ വീണ്ടും ബസ്സ് സ്റ്റാന്‍ഡില്‍ വന്നു... ഇന്നത്തെ പോലെ പത്തു മിനിട്ട് ഇടവിട്ട്‌ ടൌണ്‍ - ടൌണ്‍ ഒന്നും അന്നില്ല.. ആകെ ഒരു തമിഴ്നാട് സെലേം വണ്ടി ഉണ്ട്... അത് കോയമ്പത്തൂര്‍ വഴി ആയിരിക്കുലോ പോണത്... അതില്‍ കയറി... ആ ശകടം എടുക്കുന്നത്തെ ഇല്ല... നാശം...അവസാനം ഒരു ഇരുപതു മിനിട്ട് ശേഷം ഡ്രൈവര്‍ കയറി സ്റ്റാര്‍ട്ട്‌ ആക്കി... കണ്ടക്ടര്‍ നോട് ഒരു കോയമ്പത്തൂര്‍ ടിക്കറ്റ്‌ പറഞ്ഞപ്പോ പുള്ളി പറയുകയാണ് ഈ വണ്ടി ആലത്തൂര്‍ വഴി തിരിഞ്ഞു പോകാം... പാലക്കാട് , കോയമ്പത്തൂര്‍ വഴി അല്ല. ദൈവമേ !!!! എനിക്കിട്ടു പണി കിട്ടികൊണ്ടേ ഇരിക്കുക ആണല്ലോ... എന്തെങ്ങിലും വരട്ടെ.. ആലത്തൂര്‍ ടിക്കറ്റ്‌ എടുത്തു... ഈ ശകടം നല്ല സ്പീഡില്‍ പോയി എന്റെ കോട്ടയം ബസിനെ ഓവര്‍ ടേക്ക് ചെയ്യും എന്ന് കരുതി...

എവിടെ !!! വെള്ളത്തില്‍ വരച്ച വര പോലെ ആയി .... ഈ സാധനം അങ്ങിനെ അങ്ങ് നിരങ്ങാന്‍ തുടങ്ങി... ആകെ ദേഷ്യം ആയിട്ടും വയ്യ.. ഒരു തരത്തില്‍ ആലത്തൂര്‍ എത്തി.. അവിടെ ഇറങ്ങി... എന്റെ കോട്ടയം ബസ്സ് ഇപ്പൊ കോയമ്പത്തൂര്‍ എത്തി കാണും .. തീര്‍ച്ച... അവിടെ കുറെ നേരം വീണ്ടും നിന്നു... കുറെ കഴിഞ്ഞു ഒരു പാലക്കാട് വണ്ടി വന്നു... അതില്‍ കയറി.. സീറ്റ് ഇല്ലേ ഇല്ല. നിന്നു.

ഇതും കുറെ നേരം എടുത്തു പാലക്കാട് എത്താന്‍... ഇതിനിടയില്‍ വിശന്നിട്ടും വയ്യ... രാവിലെ കാര്യമായൊന്നും കഴിക്കാതെ ഇറങ്ങിയതാ.. ഇനി ബാഗ്‌ കിട്ടിയിട്ട് മാത്രം കഴിക്കല്‍ മതി എന്ന് വിചാരിച്ചു...കോയമ്പത്തൂര്‍ ബസ്സ് കിട്ടാന്‍ വലിയ ക്യൂ.. ഇത്ര വല്യ ക്യൂ ഇതേ വരെ അവിടെ കണ്ടിട്ടില്ല... എന്താണാവോ എല്ലാരും ഇന്നു കോയമ്പത്തൂര്‍ ക്ക് പോണത്... !!! ഒരു തരത്തില്‍ ഒരു അര മണിക്കുറിനു ശേഷം ഒരു തമിഴ്നാട് വണ്ടിയില്‍ കയറി... പണി ഞാന്‍ കയ്യില്‍ വാങ്ങി കേറിയതാണ് .. അതെനിക്കറിയാം.. കാരണം ഈ വണ്ടി കോയമ്പത്തൂര്‍ ഉക്കടം സ്റ്റാന്‍ഡില്‍ മാത്രമെ പോകു.. എന്റെ കോട്ടയം ബസ്സ് ഉണ്ടാകുക ഗാന്ധിപുരം സ്ടണ്ടിലും. പണി വരുന്ന വഴികള്‍... !!!

അവസാനം ഒരു രണ്ടു മണിക്കുറിനു ശേഷം ഉക്കടം എത്തി... നേരെ പുറത്തിറങ്ങി ഗാന്ധിപുരം വണ്ടി നോക്കി നിന്നു... നില്‍ക്കുന്നതോ ഒരു മീന്‍ മാര്ക്കറ്റ് മുന്‍പിലും.. പറയണോ പൂരം... തമിള്‍ ബസ്സ് ബോര്‍ഡ്‌ വായിക്കാനും അറിയില്ല.. ഒരു തരത്തില്‍ ചോദിച്ചു ചോദിച്ചു ഒന്നില്‍ കയറി... അങ്ങിനെ ഞാന്‍ ഗാന്ധിപുരം എത്തി... നേരെ ബസ്സ് സ്ടന്റിലേക്ക് വച്ചു പിടിച്ചു നടന്നു... അതാ !!!! എന്റെ കോട്ടയം വണ്ടി കിടക്കുന്നു... നേരെ ചെന്നു കയറി...

അപ്പോഴല്ലേ രസം , നമ്മുടെ ഡ്രൈവറും , കണ്ടക്ടര്‍ ഉം ഈ അനാഥ ബാഗും തുറന്നു വച്ചു ഇരിക്കുകയാണ്‌... ഞാന്‍ പറഞ്ഞു .. സര്‍ , എന്റെ ബാഗ്‌ മറന്നു വച്ചു പോയി... തൃശ്ശൂരില്‍ "ഒന്നിന്" പോകാന്‍ ഇറങ്ങിയപ്പോള്‍ വണ്ടി വിട്ടു പോയതാണ് ..

"ഈ ബാഗ്‌ ആണോ?"

"അതെ"

"എവിടെ എന്ത് ചെയ്യുന്നു?"

"ഓഫീസ് കാര്യത്തിന് വന്നതാണ്‌ "

"ഞങ്ങള്‍ കരുതി ഏതോ പഠിക്കുന്ന പിള്ളേരുടെ ബാഗ്‌ ആണെന്ന്.. നിറയെ പുസ്തകം കണ്ടപ്പോ "

"......"

ഞാന്‍ കുറച്ചു നല്ല നോവല് കരുതാറുണ്ട്‌ യാത്രയില്‍.. ചേട്ടന്മാര്‍ തെറ്റിധരിച്ചു ... ഏതായാലും എനിക്കെന്റെ ബാഗ്‌ കിട്ടി... സന്തോഷം ആയി... അങ്ങിനെ ഒരു യാത്ര അന്ത്യം .....

Friday, March 21, 2008

രഞ്ജിനിയും സംഗീത പാഠാവലിയും

ഈ കഥ നടക്കുന്നത് ഏതാണ്ട് ഇരുപത് - ഇരുപത്തി അഞ്ച്‌ കൊല്ലം മുന്‍പാണ്‌ ... വീട്ടിലെ ആകെ ഒരു വിനോദ ഉപാധി ഒരു ഫിലിപ്സ് റേഡിയോ ആണ് ( അത് അച്ഛന്‍ ഒരു സ്റ്റാന്റ് ഉണ്ടാക്കി അതില്‍ വച്ചിരിക്കുനതിനാല്‍ എനിക്ക് "access" ഉണ്ടായിരുന്നില്ല എന്ന് ഈ അവസരത്തില്‍ പറഞ്ഞു കൊള്ളട്ടെ... )
രാവിലെ ആറ് മണിക്ക് അച്ഛന്‍ അത് ഓണ്‍ ചെയ്യും. അപ്പോള്‍ അതിലുള്ള ഇംഗ്ലീഷ് വാര്‍ത്ത‍ കേട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.... സത്യം പറഞ്ഞാല്‍ ആ വാര്‍ത്ത‍ കേട്ടാല്‍ ഇംഗ്ലീഷ് പഠിച്ചാലും മനസിലാവില്ല എന്ന് തോന്നും. അതില്‍ ആകെ മനസിലാവുക ഇത്ര മാത്രം ആണ് ... ദിസ് ഈസ് ഓള്‍ഡ് ഇന്ത്യ റേഡിയോ ... ദ ന്യൂസ് റെഡ് ബൈ ബ്ലാ ബ്ലാ ബ്ലാ ബ്ലാ പിന്നെ എല്ലാം ഒരു ബ്ലാ ബ്ലാ മാത്രം.. ഇതെല്ലം കേട്ടുകൊണ്ടു അപ്പൊ ഞാന്‍ കട്ടിലില്‍ കിടക്കുക ആയിരിക്കും. ഉറക്കം തീര്ന്നട്ടുണ്ടാകും , എന്നാലും വെറുതെ ഈ വന്നു കേട്ടങ്ങനെ കിടക്കും.. ഞാനന്ന് മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത് ... സ്കൂള്‍ വീടിനടുത്ത് തന്നെ ആയതിനാല്‍ പതിയെ പോയാല്‍ മതിയാരുന്നു ... അതിനാല്‍ രാവിലെ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു...ഇങ്ങനെ ചുമ്മാ കിടക്കുന്നത് കൊണ്ടു ആരും ഒന്നും പറഞ്ഞിരുന്നില്ല എന്ന് സാരം ...

ഇംഗ്ലീഷ് വാര്‍ത്ത‍ കഴിഞ്ഞാല്‍ ഉടനെ തുടങ്ങുകയായി ഭക്തി ഗാനങ്ങള്‍ ... ശിവ സ്തുതികള്‍ , അയ്യപ്പ കീര്‍ത്തനങ്ങള്‍ .... ദേവി സ്തുതികള്‍ ... മുസ്ലിം പാട്ടുകള്‍... ക്രിസ്ത്യന്‍ പാട്ടുകള്‍... ഇങ്ങനെ ... ഒരു ആറര വരെ കാണും .. പിന്നീട് കാര്‍ഷികരംഗം തുടങ്ങുകയായി .. നെല്‍ വിത്ത്, വളം , കീട നാശിനി വിവരങ്ങള്‍ കര്‍ഷകരിലേക്ക് ..... ആറേ നാല്‍പ്പത്‌ ആയാല്‍കോഴിക്കോട് നിന്നുള്ള പ്രാദേശിക വാര്ത്തക്കുള്ള വരവായി . അതിന് മുന്‍പായി കുറച്ചു പരസ്യവും പിന്നെ പ്രതാപന്റെയോ , രാമചന്ദ്രന്റെയോ സ്വരത്തില്‍ ഒരു വായന. അന്നും ഇന്നത്തെ പോലെ രാഷ്ട്രിയ കയ്യംകകളികളുടെ വിശേഷങ്ങള്‍ ആയിരുന്നു കൂടുതലും എന്ന് തോന്നുന്നു. വല്യ ഓര്‍മ പോര. പിന്നെ ഏഴ്മണി ആയാല്‍ സംസ്കൃത വാര്ത്ത ആയി.. അപ്പോഴേക്കും , എവിടെ നിന്നെന്നറിയില്ല അച്ഛന്‍ ഓടി വന്നു റേഡിയോ ഓഫ് ചെയ്യും. അതെന്തിനാണ് എന്ന് ഇപ്പോഴും എനിക്കറിയില്ല , സത്യമായും .

ഇപ്പൊ ഇവിടെ നിര്‍ത്തുകയാണ്. തീര്ച്ചയായും മടങ്ങി വരും ...

ആദ്യ ബ്ലോഗ് ....

ആദ്യമായി ഒരു ബ്ലോഗ് എഴുതാനുള്ള ശ്രമം ...........
തെറ്റുകള്‍ കണ്ടേക്കാം ... പൊറുക്കുമല്ലോ ........

ഇന്ത്യയുടെ ഐ ടി മഹാനഗരം ആയ ഈ Bangalore ഇല്‍ ഇരുന്നാണ് ഇതു എഴുതുന്നത് ... ഇപ്പൊ ഇവിടെ വന്നിട്ട് വര്ഷം നാല് ആയി. ഇതിന് മുന്പ് അറബി കടലിന്‍റെ റാണി ആയ കൊച്ചിയില്‍ ആണ് വിലസിയിരുന്നത്. അതും ഐ ടി ഫീല്‍ഡ് തന്നെ കേട്ടോ ..

എന്തെല്ലാം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു... .. ഒരിക്കലും ഓര്‍ത്തതല്ല ഇങ്ങനെ ഒരിടത്തു വന്നു ഒരു എം എന്‍ സി യില്‍ ജോലി ചെയ്യും എന്ന്. അതെല്ലാം അങ്ങിനെ സംഭവിച്ചു ..... ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു ....

അയ്യോ .. ഞാന്‍ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞിരുന്നാലോ .. നമുക്കു കഥയിലേക്ക്‌ കടക്കാം..