Friday, March 21, 2008

രഞ്ജിനിയും സംഗീത പാഠാവലിയും

ഈ കഥ നടക്കുന്നത് ഏതാണ്ട് ഇരുപത് - ഇരുപത്തി അഞ്ച്‌ കൊല്ലം മുന്‍പാണ്‌ ... വീട്ടിലെ ആകെ ഒരു വിനോദ ഉപാധി ഒരു ഫിലിപ്സ് റേഡിയോ ആണ് ( അത് അച്ഛന്‍ ഒരു സ്റ്റാന്റ് ഉണ്ടാക്കി അതില്‍ വച്ചിരിക്കുനതിനാല്‍ എനിക്ക് "access" ഉണ്ടായിരുന്നില്ല എന്ന് ഈ അവസരത്തില്‍ പറഞ്ഞു കൊള്ളട്ടെ... )
രാവിലെ ആറ് മണിക്ക് അച്ഛന്‍ അത് ഓണ്‍ ചെയ്യും. അപ്പോള്‍ അതിലുള്ള ഇംഗ്ലീഷ് വാര്‍ത്ത‍ കേട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.... സത്യം പറഞ്ഞാല്‍ ആ വാര്‍ത്ത‍ കേട്ടാല്‍ ഇംഗ്ലീഷ് പഠിച്ചാലും മനസിലാവില്ല എന്ന് തോന്നും. അതില്‍ ആകെ മനസിലാവുക ഇത്ര മാത്രം ആണ് ... ദിസ് ഈസ് ഓള്‍ഡ് ഇന്ത്യ റേഡിയോ ... ദ ന്യൂസ് റെഡ് ബൈ ബ്ലാ ബ്ലാ ബ്ലാ ബ്ലാ പിന്നെ എല്ലാം ഒരു ബ്ലാ ബ്ലാ മാത്രം.. ഇതെല്ലം കേട്ടുകൊണ്ടു അപ്പൊ ഞാന്‍ കട്ടിലില്‍ കിടക്കുക ആയിരിക്കും. ഉറക്കം തീര്ന്നട്ടുണ്ടാകും , എന്നാലും വെറുതെ ഈ വന്നു കേട്ടങ്ങനെ കിടക്കും.. ഞാനന്ന് മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത് ... സ്കൂള്‍ വീടിനടുത്ത് തന്നെ ആയതിനാല്‍ പതിയെ പോയാല്‍ മതിയാരുന്നു ... അതിനാല്‍ രാവിലെ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു...ഇങ്ങനെ ചുമ്മാ കിടക്കുന്നത് കൊണ്ടു ആരും ഒന്നും പറഞ്ഞിരുന്നില്ല എന്ന് സാരം ...

ഇംഗ്ലീഷ് വാര്‍ത്ത‍ കഴിഞ്ഞാല്‍ ഉടനെ തുടങ്ങുകയായി ഭക്തി ഗാനങ്ങള്‍ ... ശിവ സ്തുതികള്‍ , അയ്യപ്പ കീര്‍ത്തനങ്ങള്‍ .... ദേവി സ്തുതികള്‍ ... മുസ്ലിം പാട്ടുകള്‍... ക്രിസ്ത്യന്‍ പാട്ടുകള്‍... ഇങ്ങനെ ... ഒരു ആറര വരെ കാണും .. പിന്നീട് കാര്‍ഷികരംഗം തുടങ്ങുകയായി .. നെല്‍ വിത്ത്, വളം , കീട നാശിനി വിവരങ്ങള്‍ കര്‍ഷകരിലേക്ക് ..... ആറേ നാല്‍പ്പത്‌ ആയാല്‍കോഴിക്കോട് നിന്നുള്ള പ്രാദേശിക വാര്ത്തക്കുള്ള വരവായി . അതിന് മുന്‍പായി കുറച്ചു പരസ്യവും പിന്നെ പ്രതാപന്റെയോ , രാമചന്ദ്രന്റെയോ സ്വരത്തില്‍ ഒരു വായന. അന്നും ഇന്നത്തെ പോലെ രാഷ്ട്രിയ കയ്യംകകളികളുടെ വിശേഷങ്ങള്‍ ആയിരുന്നു കൂടുതലും എന്ന് തോന്നുന്നു. വല്യ ഓര്‍മ പോര. പിന്നെ ഏഴ്മണി ആയാല്‍ സംസ്കൃത വാര്ത്ത ആയി.. അപ്പോഴേക്കും , എവിടെ നിന്നെന്നറിയില്ല അച്ഛന്‍ ഓടി വന്നു റേഡിയോ ഓഫ് ചെയ്യും. അതെന്തിനാണ് എന്ന് ഇപ്പോഴും എനിക്കറിയില്ല , സത്യമായും .

ഇപ്പൊ ഇവിടെ നിര്‍ത്തുകയാണ്. തീര്ച്ചയായും മടങ്ങി വരും ...

2 comments:

മായാവി.. said...

പണ്ട് സിലോണ്‍ റേഡിയോയില്‍ വൈകിട്ട് നാലുമണിക്കുള്ള പാട്ടുകളോര്‍മ്മ വരുന്നു..."സ്വയംവര ശൂഭദിന മംഗളങ്ങള്‍..." മിക്കവാറും ഉണ്ടാവാറൂണ്ട്...ഹൊ നൊസ്റ്റാള്ജിയ....

മായാവി.. said...

2. ഇന്ന് 5.1ലും സറൌണ്ടിലും ക്രിസ്റ്റല്‍ ക്ളിയറില്‍ കേള്ക്കുന്നതിലും ഇന്ററസ്റ്റ് അന്ന് സിലോണിലെ താഴ്ന്നും പൊങ്ങിയും പാടുന്ന ആ പാട്ട് കേള്‍ക്കാനുണ്ടായിരുന്നു.